കാൽനൂറ്റാണ്ടായി തുടർച്ചയായി എല്ലാ തിരഞ്ഞെടുപ്പുകളിലും നൂറുശതമാനം വോട്ട് രേഖപ്പെടുത്തുന്ന ഒരു സ്ഥലമാണ് കടമക്കുടി പഞ്ചായത്തിലെ മുറിക്കൽ ദ്വീപ്. രണ്ടര ഏക്കറോളം വിസ്തൃതിയുള്ള ഈ മനോഹര ദ്വീപിൽ ഇപ്പോൾ ഒരാൾ മാത്രമാണ് താമസം—75 വയസ്സുള്ള കെ.സി. ജോസഫ്. ദ്വീപിലെ ഏക വോട്ടറുമദ്ദേഹം തന്നെ.
ഒരുകാലത്ത് ജോസഫിന്റെ സഹോദരങ്ങളും ബന്ധുക്കളുമടങ്ങുന്ന 19 വോട്ടർമാർ മുറിക്കലിൽ ഉണ്ടായിരുന്നു. എന്നാൽ ജീവിതസൗകര്യങ്ങൾ തേടി അവർ എല്ലാവരും പിന്നീട് ദ്വീപ് വിട്ടുപോയതോടെ ജോസഫ് പൂർണ്ണമായും ഒറ്റപ്പെട്ടു.
നെല്ലും പച്ചക്കറിയും മത്സ്യവും കൃഷി ചെയ്ത് ഇദ്ദേഹത്തിന്റെ ജീവിതം മുന്നോട്ട് പോയത്. അത്യാവശ്യ കാര്യങ്ങൾക്കായി മാത്രമാണ് അദ്ദേഹം സ്വന്തം ചെറിയ വഞ്ചിയിൽ മറുകരയിലെത്താറുള്ളത്. പുറംലോകവാർത്തകൾ അറിയാൻ റേഡിയോ മാത്രമായിരുന്നു ആശ്രയം. കൃത്യമായ രാഷ്ട്രീയ ബോധമുള്ള ജോസഫ്, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും അതിലൂടെ തന്നെ അറിഞ്ഞിരുന്നു. ഇപ്പോൾ ദിവസേന മറുകരയിൽ പോയി പത്രം വായിക്കുന്നുണ്ട്.
ഷീറ്റുവലിച്ചുകെട്ടിയ ഒറ്റമുറി വീട്ടിലാണ് ഇപ്പോഴും താമസം. സ്വന്തമായി റേഷൻ കാർഡ് ഇല്ലാത്തതായിരുന്നു ലൈഫ് പദ്ധതിയുൾപ്പെടെയുള്ള ഭവന പദ്ധതികളുടെ ആനുകൂല്യം ലഭിക്കാൻ തടസ്സമായത്. പിന്നീട് കാർഡ് ലഭിച്ചെങ്കിലും എപിഎൽ വിഭാഗത്തിൽപ്പെടുകയായിരുന്നു. ഇതുമൂലം സഹായങ്ങൾ വീണ്ടും തടസ്സപ്പെട്ടു. നിലവിൽ ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
