കൊച്ചി നഗരത്തെ പുക മഞ്ഞ് മൂടുന്നു

വായുമലിനീകരണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കൊച്ചി നഗരത്തെ പുകമഞ്ഞ് മൂടുമോയെന്ന ആശങ്ക ശക്തമാകുന്നു. രാവിലെയും വൈകുന്നേരങ്ങളിലും അനുഭവപ്പെടുന്ന പുകമഞ്ഞുപോലുള്ള അന്തരീക്ഷമാണ് ജനങ്ങളുടെ ഭയം വർധിപ്പിക്കുന്നത്. എയർ ക്വാളിറ്റി ഇൻഡക്സ് വെബ്സൈറ്റിൽ കഴിഞ്ഞ ദിവസം കൊച്ചിയിലെ വായു ‘അനാരോഗ്യകരം’ എന്ന നിലയിലാണ് രേഖപ്പെടുത്തിയിരുന്നത്. തുടർച്ചയായി മോശമായി വരുന്ന വായു ഗുണനിലവാരവും തണുപ്പ് കൂടുന്ന ഡിസംബർ മാസവും ചേർന്നതോടെയാണ് ഡൽഹിയെ പോലെ കൊച്ചിയും പുകമഞ്ഞിൽ അകപ്പെടു മോയെന്ന ആശങ്ക വ്യാപകമായത്.

ഏലൂർ, ഇടയാർ, കരിമുകൾ, അമ്പലമുകൾ തുടങ്ങിയ വ്യവസായ മേഖലകളിൽ നിന്നുള്ള മലിനീകരണം കൊച്ചി നഗരവാസികളുടെ ശ്വാസംമുട്ടിക്കുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളും വായുമലിനീകരണം രൂക്ഷമാക്കുന്നു. പൊടിപടലങ്ങൾ, വാഹന ങ്ങളിൽ നിന്നുള്ള പുക, മഞ്ഞ് എന്നിവ ഒരുമിച്ചുചേർന്നാൽ പുകമഞ്ഞ് രൂപപ്പെടുന്നു. ഇതിന് പിന്നാലെ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളും നൈട്രജൻ ഓക്സൈഡുകളും ബാഷ്പീകരണ ശേഷിയുള്ള ഓർഗാനിക് സംയുക്തങ്ങളും ചേർന്നാൽ അത് ഫോട്ടോ കെമിക്കൽ ഫോഗായും മാറും.

ഇത്തരത്തിലൊരു അപകടകരമായ സാഹചര്യമാണ് നിലവിൽ കൊച്ചി നഗരത്തിൽ നിലനിൽക്കുന്നതെന്നാണ് കേരള നേച്ചർ പ്രൊട്ടക്ഷൻ കൗൺസിലിന്റെ വിലയിരുത്തൽ. വാഹനങ്ങൾക്ക് വ്യാജ മലിനീകരണ സർട്ടിഫിക്കറ്റുകൾ നൽകുന്നതും മലിനീകരണം വർധിക്കാൻ ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. അതോടൊപ്പം നഗരമധ്യത്തിലെ മരങ്ങളുടെ അഭാവവും വായുവിന്റെ ഗുണനിലവാരം കുറയാൻ കാരണമാകുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.