പള്ളുരുത്തി കടേഭാഗം എസ്.എൻ.ഡി.പി. ഓഫീസിൽ വ്യാഴാഴ്ച വൈകിട്ട് 7മണിക്ക് സ്ത്രീകൾ തന്നെ മുൻകൈയെടുത്ത് നടത്താൻ തീരുമാനിച്ചിരുന്ന രാമായണ പാരായണമാണ് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ ഇടപെട്ടതിനെ തുടർന്ന് മാറ്റിവെച്ചത്.
ഹിന്ദു ഐക്യവേദിയുടെ കീഴിൽ പ്രവർത്തിക്കുന്ന വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ കർക്കടകമാസം ആരംഭിച്ചനാൾ മുതൽ എല്ലാ ദിവസവും വിവിധ ഇടങ്ങളിലായി രാമായണ പാരായണം നടത്തുന്നുണ്ട്. ഒരു ദിവസം ഒരു സ്ഥലത്ത് എന്നതാണ് അതിന്റെ രീതി. അത് പ്രകാരമാണ് ശാഖയുടെ കീഴിലുള്ള വനിതാ സംഘത്തിന്റെ അഭ്യർത്ഥനപ്രകാരം വ്യാഴാഴ്ച എസ്.എൻ.ഡി.പി. ഓഫീസിൽ പാരായണം നടത്തുവാൻ തീരുമാനമെടുക്കുകയും ശാഖാ ഭാരവാഹികൾ അതിന് അനുവാദം നൽകിയതും.
എന്നാൽ തലേദിവസം പരിപാടിയുടെ അറിയിപ്പിനായി ശാഖാ ഓഫീസിന്റെ മുന്നിൽവച്ചിരുന്ന ശ്രീരാമന്റെ ചിത്രവും കാവിക്കൊടിയുമാണ് കടേഭാഗത്തെ സിപിഎം പ്രവർത്തകരെ പ്രകോപിതരാക്കിയത്.
ഇത് ആർഎസ്എസിന്റെ പരിപാടിയാണെന്നും ഓഫീസിൽ ഇതിനുള്ള അനുവാദം കൊടുത്താൽ ഞങ്ങൾ പാർട്ടി പരിപാടി ഇവിടെ നടത്തുമെന്ന അന്ത്യശാസനം നൽകുകയും ശാഖാ ഓഫീസിനു മുന്നിൽ സ്ഥാപിച്ച നോട്ടീസ് ബോർഡും കാവിക്കൊടിയും സിപിഎം പ്രവർത്തകർ തന്നെ അഴിച്ചു മാറ്റുകയും ചെയ്തു എന്നാൽ ഒരു സംഘർഷം ഒഴിവാക്കാൻ സംഘാടകർ തന്നെ മുൻകൈയെടുത്ത് പരിപാടി ശാഖാ ഓഫീസിൽ നിന്ന് ഒഴിവാക്കി പകരം എസ്എൻഡിപിയുടെ കീഴിൽ തന്നെ പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് ഓഫീസിലേക്ക് മാറ്റുകയും ചെയ്തു.
