ഗുരു സമാധി ദിനത്തിലെ പൊതുയോഗം പ്രതിഷേധത്തെ തുടർന്ന് മാറ്റിവെച്ചു

ലോകാരാദ്ധ്യനായ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനം കേരളത്തിലെമ്പാടും ആചരിക്കുകയും സർക്കാരുകൾ തന്നെ എല്ലാവർഷവും ഇതേ ദിവസം അവധി പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ്.  എന്നാൽ ഗുരുദേവ സമാധി ദിനത്തിൽ എറണാകുളം പച്ചാളം ഷൺമുഖപുരം സർവീസ് സഹകരണ ബാങ്കിന്റെ പൊതുയോഗം നടത്താൻ വേണ്ടി സിപിഎം നേതൃത്വം കൊടുക്കുന്ന ഭരണസമിതിയുടെ തീരുമാനമാണ് ജനങ്ങളുടെയും മെമ്പർമാരുടെയും എതിർപ്പിന് ഇടയാക്കിയത്.

 സെപ്റ്റംബർ 21ന്  പച്ചാളം കാട്ടുങ്കൽ  ദേവി കൃപാ മന്ദിർഹാളിൽ  ബാങ്കിന്റെ ഈ വർഷത്തെ പൊതുയോഗം നടത്താൻ ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതിന്റെ അറിയിപ്പ് നോട്ടീസ് അച്ചടിച്ച് അംഗങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു. ഇതിനെതിരെയാണ് വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നത്. ബിഡിജെഎസ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.കെ.പീതാംബരന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ ഈ കാര്യത്തിൽ രജിസ്ട്രാറെ കാണുകയും പൊതുയോഗം മാറ്റി വയ്ക്കണമെന്ന് നിവേദനം നൽകുകയും ചെയ്തു. കൂടാതെ ബിഡിജെഎസ് ഇക്കാര്യത്തിൽ പ്രത്യക്ഷ സമരത്തിന് ആഹ്വാനം നൽകുകയും ചെയ്തിരുന്നു.

 ഭരണസമിതിയിലുള്ള ചില സിപിഎം നേതാക്കളുടെ അമിതമായ താൽപര്യം കണക്കിലെടുത്താണ് ഗുരുദേവ മഹാസമാധി ദിനത്തിൽ ഇത്തരത്തിൽ പൊതുയോഗം നടത്തുവാൻ തീരുമാനിച്ചതെന്ന  ആരോപണം ഉയരുകയും ചെയ്തതിനിടയിലാണ്  ഞായറാഴ്ച രാവിലെ 10. 30 ന് നടത്താൻ നിശ്ചയിച്ചിരുന്ന പൊതുയോഗം മാറ്റിവെച്ചതായുള്ള  വിവരം ബാങ്കിന്റെ പ്രസിഡന്റ് ശ്രീ കെ. വി. മുരളീധരൻ ഇപ്പോൾ അറിയിച്ചിട്ടുള്ളത്.