സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ നടി ഭാവന പങ്കെടുത്തു. മുഖ്യമന്ത്രിയോടൊപ്പം ഭാവന പങ്കെടുക്കുന്ന ചിത്രങ്ങളും വീഡിയോയും പുറത്തു വന്നിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സമൂഹമാധ്യമ ങ്ങളിലൂടെ ഈ ചിത്രങ്ങൾ പങ്കുവെച്ചു. ‘സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം’ എന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിലാണ് സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചത്. ഭാവനയ്ക്കൊപ്പം മതനേതാക്കൾ, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരും വിരുന്നിൽ പങ്കെടുത്തു.
ഗവർണർ രാജേന്ദ്ര ആർലേക്കർ നിലവിൽ ഗോവയിലായതിനാൽ ഈ വിരുന്നിൽ പങ്കെടുക്കില്ല. എന്നാൽ ഈ മാസം 22-ന് ലോക്ഭവനിൽ ഗവർണർ സംഘടിപ്പിക്കുന്ന ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം.
