തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽഡിഎഫിന് തിരിച്ചടിയുണ്ടായി. കൈവിട്ട കോർപ്പറേഷനുകൾ തിരിച്ചുപിടിച്ചും, മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും വ്യക്തമായ മുന്നേറ്റം നടത്തിയും യുഡിഎഫ് മികച്ച വിജയം നേടി. ഗ്രാമപഞ്ചായത്തുകളിൽ 500 സീറ്റുകൾ സ്വന്തമാക്കി യുഡിഎഫ് ആധിപത്യം ഉറപ്പിച്ചു.
അതേസമയം, തിരുവനന്തപുരം കോർപ്പറേഷൻ സ്വന്തമാക്കി എൻഡിഎ ചരിത്രത്തിലാദ്യമായി കേരളത്തിൽ ഒരു കോർപ്പറേഷൻ ഭരണത്തിലേക്ക് എത്തി. കഴിഞ്ഞ തവണ അഞ്ച് കോർപ്പറേഷനുകൾ ഭരിച്ചിരുന്ന എൽഡിഎഫിന് ഇക്കുറി കോഴിക്കോട് കോർപ്പറേഷനിൽ മാത്രമാണ് ഏറ്റവും വലിയ കക്ഷിയാകാൻ സാധിച്ചത്. എന്നാൽ അവിടെയും ഒറ്റയ്ക്ക് ഭരണം നടത്താൻ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചില്ല.
2020ൽ കണ്ണൂർ മാത്രം നേടിയ യുഡിഎഫ്, ഇക്കുറി കൊച്ചിയും തൃശൂരും വൻ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിച്ചു. കൊല്ലം കോർപ്പറേഷനിൽ യുഡിഎഫ് വലിയ അട്ടിമറി വിജയം സ്വന്തമാക്കി. തിരുവനന്തപുരം, കോഴിക്കോട് കോർപ്പറേഷനുകളിലും യുഡിഎഫ് സീറ്റുകൾ വർധിപ്പിച്ചു.
മുനിസിപ്പാലിറ്റികളിൽ ആകെ 86ൽ 54 എണ്ണത്തിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചു. എൽഡിഎഫ് 28 മുനിസിപ്പാലിറ്റികളിൽ വിജയിച്ചപ്പോൾ എൻഡിഎയ്ക്ക് രണ്ട് മുനിസിപ്പാലിറ്റികളിൽ ഭൂരിപക്ഷം ലഭിച്ചു. 143 ബ്ലോക്ക് പഞ്ചായത്തുകളിൽ 81 എണ്ണം യുഡിഎഫ് നേടി, 63 എണ്ണം ഇടതു മുന്നണി സ്വന്തമാക്കി.
ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് 500 സീറ്റുകൾ നേടിയപ്പോൾ എൽഡിഎഫ് 342 നേടി. എൻഡിഎയ്ക്ക് 25 ഗ്രാമപഞ്ചായത്തുകൾ ലഭിച്ചു. എട്ട് പഞ്ചായത്തുകൾ മറ്റ് കക്ഷികൾ നേടി.
