നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കെതിരായ ശിക്ഷ വിധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. ജഡ്ജി ഹണി എം. വർഗീസ് ഒന്നാം മുതൽ ആറാം വരെ പ്രതികൾ ക്കാണ് ശിക്ഷ പ്രഖ്യാപിച്ചത്. എല്ലാവർക്കും 20 വർഷത്തെ കഠിനതടവും 50,000 രൂപ പിഴയും കോടതി വിധിച്ചു.
പൾസർ സുനി എന്നറിയപ്പെടുന്ന ഒന്നാം പ്രതി എൻ.എസ്. സുനിൽ, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജയ്, അഞ്ചാം പ്രതി എച്ച്. സലിം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് കൂട്ടബലാത്സംഗ കേസിൽ ഈ ശിക്ഷ ലഭിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഓരോരുത്തർക്കും ഒരു വർഷത്തെ അധിക തടവ് അനുഭവിക്കണം.
5 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും വിധിയിൽ വ്യക്തമാക്കുന്നു. കൂടാതെ, സംഭവസ്ഥലത്ത് നിന്നും പിടിച്ചെടുത്ത തൊണ്ടിമുതലായ വിവാഹനിശ്ചയ മോതിരം അതിജീവിതയ്ക്ക് തിരികെ നൽകാനും കോടതി നിർദേശിച്ചു. കൂട്ടബലാത്സംഗം നടന്ന ദിവസം പ്രതികൾ അതിജീവിതയുടെ വീഡിയോ പകർത്തിയതായും തെളിവുകൾ സൂചിപ്പിക്കുന്നു.
