തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കം


പൊന്നോണത്തിന്‍റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കമായി മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തി. മന്ത്രി എംബി രാജേഷാണ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത്. നടന്‍ ജയറാമാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തത്.

എംഎൽഎ കെ ബാബു, എറണാകുളം ജില്ലാ കളക്ടർ, നഗരസഭാ അംഗങ്ങൾ,രമേശ് പിഷാരടി, എം.പിമാരായ ഹൈബി ഈഡൻ, കെ. ഫ്രാൻസിസ് ജോർജ്, അനൂപ് ജേക്കബ് എം.എൽ.എ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

തൃപ്പൂണിത്തുറ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ നിന്നും തുടങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി അവിടെ തന്നെ അവസാനിക്കും.
ഘോഷയാത്രയിൽ ചെണ്ടമേളവും നിശ്ചലദൃശ്യങ്ങളും മറ്റ് വാദ്യഘോഷങ്ങളും, നാടൻ കലാരൂപങ്ങളുമായി  സംസ്ഥാനത്തിന്‍റെ നാനാഭാഗത്തു നിന്നുമുള്ള കലാകാരൻമാർ പങ്കെടുത്തു.

ഘോഷയാത്ര കണക്കിലെടുത്ത് തൃപ്പൂണിത്തുറയില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങൾക്കായി 450 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.